വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇനി ആശ്വസിക്കാം. സ്കൂള്‍ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേര്, ജനനത്തീയതി, മതം എന്നിവ തിരുത്താന്‍ തലസ്ഥാനത്തേക്ക് വണ്ടി കയറേണ്ട, പരീക്ഷാ ഭവ നില്‍ ചുറ്റിത്തിരിയുകയും വേണ്ട.
ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ (പത്താം ക്ലാസിലെ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തവരുടേതൊഴികെ) സര്‍ട്ടിഫിക്കറ്റുകളിലെയും രേഖകളിലെയും തെറ്റുതിരുത്തി നല്‍കുന്നതിന് ജില്ലാതലങ്ങളില്‍ സൗകര്യമേര്‍പ്പെടുത്തി. ഇതിനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പരീ ക്ഷാ ഭവനിലെ ജോലികള്‍ വികേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമാണ് നടപടി. ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ രേഖകളിലെ തെറ്റുകള്‍ എഇഒ ഓഫീസുകളില്‍ തിരുത്തി നല്കും. ഹൈസ്കൂള്‍ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഡിഇഒ ഓഫീസുകളില്‍ തെറ്റുതിരുത്തല്‍ സൗകര്യമുണ്ടാകും. എസ്എസ്എല്‍സി പരീക്ഷ എഴുതുന്നതിനു മുന്പ് പഠനം അവസാനിപ്പിച്ച വിദ്യാര്‍ഥികള്‍ക്കും പഴയ രജിസ്റ്ററിലെ തെറ്റ് തിരുത്താന്‍ ഡിഇഒയെ സമീപിച്ചാല്‍ മതി.
എന്നാല്‍, പത്താംക്ലാസിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തതോ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് രേഖകള്‍ തിരുത്തിക്കിട്ടാന്‍ പരീക്ഷാ ഭവന്‍ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഇത് ജില്ലാ തലങ്ങളില്‍ സാധിക്കുകയില്ല. ജി.ഒ.പി 215/2009 പൊതുവിദ്യാഭ്യാസ വകുപ്പ് എന്ന ഉത്തരവ് വ്യാഴാഴ്ചയാണ് തയാറായത്.
ജനനത്തീയതി, മതം, പേര് എന്നിവയാണ് തിരുത്താന്‍ സാധിക്കുന്നത്. 40 വര്‍ഷമായി നിലനിന്ന നടപടിക്രമങ്ങളിലാണ് പുതിയ ഉത്തരവ് വഴി മാറ്റം വരുത്തുന്നത്. നിലവില്‍ കേരള വിദ്യാഭ്യാസചട്ടം അനുസരിച്ച് സ്കൂളിലെ പ്രവേശന രജിസ്റ്ററില്‍ ചേര്‍ത്തിട്ടുള്ള ഒരു വിദ്യാര്‍ഥിയുടെ പേര്, മതം, ജനനത്തീയതി എന്നിവ ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ നിശ്ചയിച്ച അധികാരിയുടെ അനുമതിയില്ലാതെ തിരുത്താനാകില്ല. പേരും മതവും സംബന്ധിച്ച തിരുത്തലിന് ഡിഇഒയ്ക്കും ജനന ത്തീയതി സംബന്ധിച്ച തിരുത്തലിന് പരീക്ഷാ കമ്മീഷണര്‍ക്കുമാണ് അധികാരം.
തിരുത്തലുകള്‍ക്കായി നല്‍കുന്ന നൂറുകണക്കിന് അപേക്ഷകള്‍ക്ക് മാസങ്ങള്‍ക്കുശേഷമാണ് തീര്‍പ്പുണ്ടാകുന്നത്. ദിനം തോറും അറുനൂറോളം അപേക്ഷകളാണ് പരീക്ഷാ ഭവനില്‍ ലഭിക്കുന്നത്. ഇവയില്‍ കൂടുതലും ജനനത്തീയതി തിരുത്താനുള്ള അപേക്ഷകളാണ്. പുതിയ സൗകര്യം വരുന്നതോടെ പരീക്ഷാഭവനിലെ ഇതു സംബന്ധിച്ച വലിയൊരു ജോലിഭാരം ഒഴിവാകും.